അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, March 9, 2009

ഒറീസയുടെ സന്ദേശം

ഒറീസയിൽ ക്രൈസ്തവരെ കൊന്നൊടുക്കാൻ കൂട്ടുനിന്ന ബിജു ജനതാദളു (ബി ജെഡി) മായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിന്‌ തയാറായിരിക്കുന്ന സിപിഎം വോട്ടുനേടാൻ ഏതറ്റംവരെയും പോകുമെന്നു തെളിയിക്കുന്നു. ഇത്രനാൾ ഒറീസാ, ഒറീസാ എന്നു വിളിച്ചുകൂവി അവിടുത്തെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനേയും ബിജെപിയെയും കുറ്റംപറഞ്ഞുകൊണ്ടിരുന്ന വിപ്ലവ പാർട്ടി മലക്കം മറിഞ്ഞു. ബിജെപിയുടെ തണലിൽ മുഖ്യമന്ത്രി നവീൻ ഒറീസ ഭരിച്ചുകൊണ്ടിരുന്നപ്പോൾ അവരെ കുറ്റം പറഞ്ഞ്‌ ന്യൂനപക്ഷ സംരക്ഷകരായി ചമഞ്ഞ സിപിഎം ഇപ്പോൾ അതേ നവീനെ കൂട്ടത്തിലാക്കിയപ്പോഴും ന്യൂനപക്ഷ സംരക്ഷകരാകുന്ന വിചിത്ര കാഴ്ചയാണ്‌ ഇപ്പോൾ കാണുന്നത്‌. ഇതിന്‌ ന്യായം പറയാൻ പാർട്ടി പത്രം മുഖപ്രസംഗവുമായി രംഗത്തിറങ്ങി. ഇന്ന്‌ 'ഒറീസയുടെ സന്ദേശം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ ഇരട്ടത്താപ്പിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മുന്നിൽ പാർട്ടിയുടെ നഗ്നത മറയ്ക്കാനാണെന്നു വ്യക്തം.

ഒറീസയിൽ ഇല്ലാത്ത കാരണം പറഞ്ഞ്‌ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തത്‌ അന്താരാഷ്ട്ര തലത്തിൽപോലും രാജ്യത്തിന്റെ മാനം കെടുത്തി. രാജ്യത്തെ മതേതര പാർട്ടികളും കോടതിയും സാമൂഹിക സംഘടനകളും ക്രൈസ്തവ ഹൈന്ദവ മുസ്ലീം ആത്മീയ നേതാക്കളും ഒരുപോലെ വിമർശിച്ചിരുന്നു. കൂട്ടക്കൊല നിർത്തി വയ്ക്കാനോ, ക്രൈസ്തവർക്ക്‌ സംരക്ഷണം നൽകാനോ കഴിയാതെ പോയതിന്‌ കോടതിയുടെ വരെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നയാളാണ്‌ ബിജെഡി നേതാവ്‌ നവീൻ പട്നായിക്ക്‌. ഈ മഹാനെ വെള പൂശാനാണ്‌ പാർട്ടി പത്രത്തിന്റെ ശ്രമം.

'ഒറീസയിൽ അരങ്ങേറിയ ന്യൂനപക്ഷ വേട്ടയിലും സംഘപരിവാറിന്റെ ആസിസ്റ്റ്‌ അജൻഡയിലും മനംമടുത്തുകഴിഞ്ഞ ബിജെഡി ആർഎസ്‌എസിന്റെ തടവറയിൽനിന്നു പുറത്തുകടക്കുകയാണ്‌... .ന്യൂനപക്ഷവേട്ടയിലൂടെ ഒറീസയെ മറ്റൊരു ഗുജറാത്താക്കി മാറ്റാനുള സംഘപരിവാറിന്റെ നീക്കത്തിനെതിരേ ബിജെഡിക്കുണ്ടായ അമർഷമാണ്‌ ബിജെപിയുമായി ഇനി ബന്ധം വേണ്ടതില്ലെന്ന നവീൻ പട്‌നായിക്കിന്റെ ആഗ്രഹ പ്രകടനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്‌" എന്ന്‌ വിളിച്ചു പറഞ്ഞുകൊണ്ടാണ്‌ മുഖപ്രസംഗം തുടങ്ങുന്നത്‌. ബിജെഡിക്കോ നവീൻ പട്‌നായികിനോ അങ്ങനെയൊരു മനംമടുപ്പ്‌ ഉണ്ടായത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ സിപിഎമ്മിനു മാത്രം ബോധ്യപ്പെട്ട കാര്യമാണ്‌.

സീറ്റ്‌ ധാരണയും ഒത്തുതീർപ്പുകളും ഉദ്ദേശിച്ചപോലെ വിജയിക്കാതെ വന്നപ്പോൾ ഉണ്ടായതാണ്‌ ഈ പുത്തൻ കൂട്ടുകെട്ടെന്ന്‌ ആർക്കാണറിയാത്തത്‌? ബിജെഡിക്ക്‌ ബിജെപിയോട്‌ മണിക്കൂറുകൾക്കുമുമ്പുണ്ടായ അമർഷവും ന്യൂനപക്ഷത്തോടു തോന്നിയ പ്രേമവും വ്യക്തമാക്കാൻ പാർട്ടിക്കും പത്രത്തിനും ഇത്തിരി പണിപ്പെടേണ്ടിവരും. 10 കൊല്ലം മുമ്പ്‌ ഗ്രഹാം സ്റ്റെയിൻസിനേയും മക്കളെയും വർഗീയവാദികൾ ചുട്ടുകൊന്നപ്പോൾ ഭരിച്ചിരുന്നത്‌ കോൺഗ്രസായിരുന്നുവെന്നു പറഞ്ഞ്‌ ധാർമികരോഷം കൊളുന്ന പത്രത്തിന്‌ അടുത്തയിടെ ഒറീസയിൽ നടന്ന കൂട്ടക്കൊലയിൽ ലജ്ജാകരമായ നിഷ്ക്രിയത്വം പുലർത്തിയ ബിജു പട്‌നായിക്കിനും ബിജെഡിക്കുമെതിരേ ഒരു വാക്കുപോലും പറയാനില്ല. പാർട്ടിക്കും പത്രത്തിനും അതൊക്കെ നിസാരമായി കഴിഞ്ഞു. എന്നാൽ കൊല്ലപ്പെട്ട എണ്ണമറ്റ ആത്മാവുകൾക്കും നിഷ്ഠൂര മാനഭംഗങ്ങൾക്കിരയായ പെൺകുട്ടികൾക്കും കന്യാസ്ത്രീകൾക്കും അഗ്നിക്കിരയാക്കിയ വീടുകൾ പിന്നിലുപേക്ഷിച്ച്‌ നാടു വീടും സംസ്ഥാനവും വിട്ട്‌ ഓടിപ്പോയ ആയിരക്കണക്കിനാളുകൾക്കും ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പുഴുക്കളേപ്പോലെ കഴിയുന്ന 3100 മനുഷ്യർക്കും ഇതൊന്നും മനസിലായെന്നു വരില്ല.

മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ നടന്നപ്പോൾ മുഖ്യമന്ത്രിയായിരുന്നിട്ടും കണ്ണടച്ച നവീൻ ഇപ്പോൾ രക്തപങ്കിലമായ വലതുകൈ ഉയർത്തി ഇടതന്മാർക്കു ഹസ്തദാനം ചെയ്യുമ്പോൾ ക്രിസ്ത്യാനികളുടെ ചോരക്കറ പുരളുന്നത്‌ എവിടെയാണെന്ന്‌ അറിയേണ്ടവർ അറിയുന്നുണ്ട്‌. നവീൻ പട്‌നായിക്കിനെ ആലിംഗനം ചെയ്തുകൊണ്ട്‌ പാർട്ടി പത്രം പറയുന്ന മുടന്തൻ ന്യായങ്ങൾക്കപ്പുറത്ത്‌ ഒറീസ നൽകുന്ന സന്ദേശം ഇതുകൂടിയാണ്‌.

കടപ്പാട്‌: ദീപിക

2 comments:

Vote4Koni said...

ഇത്രനാൾ ഒറീസാ, ഒറീസാ എന്നു വിളിച്ചുകൂവി അവിടുത്തെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനേയും ബിജെപിയെയും കുറ്റംപറഞ്ഞുകൊണ്ടിരുന്ന വിപ്ലവ പാർട്ടി മലക്കം മറിഞ്ഞു. ബിജെപിയുടെ തണലിൽ മുഖ്യമന്ത്രി നവീൻ ഒറീസ ഭരിച്ചുകൊണ്ടിരുന്നപ്പോൾ അവരെ കുറ്റം പറഞ്ഞ്‌ ന്യൂനപക്ഷ സംരക്ഷകരായി ചമഞ്ഞ സിപിഎം ഇപ്പോൾ അതേ നവീനെ കൂട്ടത്തിലാക്കിയപ്പോഴും ന്യൂനപക്ഷ സംരക്ഷകരാകുന്ന വിചിത്ര കാഴ്ചയാണ്‌ ഇപ്പോൾ കാണുന്നത്‌. ഇതിന്‌ ന്യായം പറയാൻ പാർട്ടി പത്രം മുഖപ്രസംഗവുമായി രംഗത്തിറങ്ങി. ഇന്ന്‌ 'ഒറീസയുടെ സന്ദേശം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ ഇരട്ടത്താപ്പിനെ സംശയദൃഷ്ടിയോടെ നോക്കുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ മുന്നിൽ പാർട്ടിയുടെ നഗ്നത മറയ്ക്കാനാണെന്നു വ്യക്തം.

Help said...

ellaavarum pottamaaranennannu sakhaakkalude vichaaram